തെയ്യം Theyyam

തെയ്യങ്ങൾ ....മലബാറിന്റെ ഹൃദയതാളങ്ങൾക്കൊപ്പം ചുവടുവയ്ക്കുന്ന ദൈവങ്ങൾ

ഉത്തര കേരളത്തിൽ നടത്തപ്പെടുന്ന തെയ്യം ഒരു കല എന്നതിലുപരി ഒരു അനുഷ്ഠാനമാണ്. തെയ്യങ്ങൾ ക്ഷിപ്രപ്രസാദികളായ ദൈവങ്ങളാണ് എന്നാണു വിശ്വാസം. നർത്തനം ചെയ്യുന്ന ഈ ദേവതാ സങ്കൽപ്പം മലബാറിന്റെ ഹൃദയ താളമാണ്. ഒരു മലബാറുകാരനും തന്റെ നാടിനെകുറിച്ച് പറയുമ്പോൾ തെയ്യത്തെ മാറ്റിനിർത്തി സംസാരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. തെയ്യം എന്ന പദം ദൈവമെന്നതിന്റെ പ്രാദേശികരൂപമാണെന്നു കരുതാം.

ഈ അനുഷ്ഠാനകല പരശുരാമൻ സൃഷ്ടിച്ചതാണ് എന്നും അത് അധസ്ഥിത വിഭാഗങ്ങൾക്ക് കൽപ്പിച്ചു കൊടുത്തു എന്നും ബ്രാഹ്മണർക്ക് അധികാരം കൊടുക്കുന്നതിനു മുൻപേ അതു നൽകിയെന്നുമാണ് സങ്കല്പ്പം. എന്നാൽ കോലത്തിരി രാജവംശത്തിന്റെ സമയത്താണ് തെയ്യം ഇന്ന് കാണുന്ന തരത്തിൽ പ്രചാരം വന്നത് എന്ന് വിശ്വസിക്കപെടുന്നു. കോലത്തിരിയുടെ ആഞ്ജപ്രകാരം മണക്കാടൻ ഗുരുക്കൾ ഒരൊറ്റ രാത്രി കൊണ്ട് 39 തെയ്യങ്ങൾ കെട്ടിയാടി എന്നും അദ്ദേഹമാണ് തെയ്യങ്ങൾക്ക് ഇന്ന് കാണുന്ന രൂപവും ഭാവവും നൽകിയതെന്നാണ് വിശ്വാസം.

വടക്ക് ചന്ദ്രഗിരി പുഴ മുതൽ തെക്ക് കോരപ്പുഴ വരെ നീണ്ടുകിടക്കുന്ന രാജ്യമായിരുന്നു കോലത്തിരിയുടെത്. തെയ്യങ്ങളെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ച രാജവംശവും കോലത്തിരിയുടെതു തന്നെ. പഴയങ്ങാടി പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും വളപട്ടണം മുതൽ തെക്കോട്ട്‌ തിറയാട്ടം എന്നും തെയ്യം അറിയപ്പെടുന്നു. തെയ്യത്തെ ദേവക്കോലം(തെയ്യക്കോലം) എന്നാണു പൊതുവെ പറയുന്നത് . ഏകദേശം അഞ്ഞൂറിന് അടുത്ത് തെയ്യങ്ങൾ ഉണ്ട് എന്നാണു വിശ്വാസമെങ്കിലും പ്രധാനമായ നൂറ്റി ഇരുപതോളം തെയ്യങ്ങൾ മാത്രമേ സാധാരണയായി കെട്ടിയാടിക്കാറുള്ളൂ. ശിവനുമായി ബന്ധപെട്ടതാണ് മിക്കവാറും തെയ്യങ്ങൾ. ശിവന്റെ പുത്രന്മാർ, പുത്രിമാർ അല്ലെങ്കിൽ ശിവ ഭൂതഗണങ്ങൾ അതുമല്ലെങ്കിൽ ശിവൻ തന്നെ അങ്ങനെ നീണ്ടുപോകുന്നു എങ്കിലും വിഷ്ണുവിനും ദേവിക്കും വീരമൃത്യു വരിച്ച പൂർവ്വികർക്കും ഗുരുക്കന്മാർക്കും തെയ്യക്കോലമുണ്ട്. നാഗങ്ങളെയും ഭൂതങ്ങളെയും യക്ഷ ഗന്ധർവന്മാരെയും തെയ്യമായി കെട്ടിയാടിക്കാറുണ്ട് .

പ്രാചീന കേരളത്തിലെ പരശുരാമാസൃഷ്ടിയായ 64 ഗ്രാമങ്ങളിൽ മുപ്പത്തിരണ്ടും മലബാറിലും തുളുനാട്ടിലുമായി(ഇന്നത്തെ കർണാടാകയുടെ ഭാഗങ്ങൾ) ആണ് ഉള്ളത് എന്ന് പറയപ്പെടുന്നു. അതിൽ ഏറ്റവും വിശിഷ്ടമായ ദേശം എന്ന് പേരുകേട്ട പെരിഞ്ചെല്ലുർ(ഇപ്പോഴത്തെ തളിപ്പറമ്പ്) തന്നെയാണ് തെയ്യം പോലെയുള്ള അനുഷ്ഠാന കലകൾക്ക് ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകിയ സ്ഥലം. തളിപറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ കൊട്ടുംബുറം എന്ന സ്ഥലത്ത് നിന്നാണ് ഇത് നല്കിപോരുന്നത്. ഇവിടെ നിന്നാണ് അനുഷ്ഠാന കലകളുമായി ബന്ധപ്പെട്ടു അതിൽ മികവു പ്രകടിപ്പിക്കുന്ന ആൾക്കാരെ ഒരു പ്രത്യേക സ്ഥാനമാനങ്ങൾ നൽകി ആദരിക്കുന്നത്. ഉദാഹരണത്തിന് നന്നായി തെയ്യം കെട്ടിയാടുന്ന ഒരു വണ്ണാൻ സമുദായത്തിലെ ആൾക്ക് പെരുവണ്ണാൻ എന്ന സ്ഥാന പേര് നൽകുന്നു.മലയൻ സമുദായതിലുള്ള ആളാണ്‌ എങ്കിൽ അയാൾക്ക്‌ പണിക്കര് സ്ഥാനം കിട്ടുന്നു. അങ്ങനെ ഓരോ സമുദായതിന്നും പ്രത്യേകം പ്രത്യേകം പേരുകളുണ്ട്. കോലത്തിരി രാജാവാണ് ഈ പതിവ് തുടങ്ങി വച്ചത് എന്ന് പറയപ്പെടുന്നു. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഇതുപോലെ അനുഷ്ഠാന കലകളെ പ്രോത്സാഹിപ്പിക്കുന്ന ഒരിടമായി കോലത്തിരി മാറ്റിയെടുതിരുന്നു. മിക്ക തെയ്യങ്ങളുടെ തോറ്റം പാട്ടുകളിലും തെയ്യങ്ങളുടെ വാമൊഴിയിലും നിറഞ്ഞു നിൽക്കുന്നത് പെരിഞ്ചല്ലൂരപ്പനെ (രാജരാജെശ്വരനെ ) സ്തുതിച്ചു കൊണ്ടുള്ള കീർത്തനങ്ങൾ തന്നെ. മന്ത്രമൂർത്തികളും മുപ്പതൈവർ എന്നറിയപെടുന്ന ദേവതകളുമാണ് പ്രധാന തെയ്യങ്ങൾ. മുൻപിനാൽ തമ്പുരാൻ പെരുംതൃക്കൊവിലപ്പൻ, തായിപരദേവത, കളരിയാൽ ഭഗവതി, സോമേശ്വരി, ചുഴലി ഭഗവതി, പാടികുറ്റി അമ്മ, വയത്തൂര് കാലിയാർ, കീഴൂര് ശാസ്താവ്, വൈരജാതനീശ്വരൻ, മടിയൻക്ഷേത്രപാലകൻ, വീരഭദ്രൻ, മഹാഗണപതി,
യക്ഷൻ, കുക്ഷിശാസ്തൻ, ഊർപഴശ്ശി, വേട്ടക്കൊരുമകൻ, ഇളംകരുമകൻ, പുതുർവാടിചേകവർ(കന്നിക്കൊരുമകൻ), ബമ്മുരിക്കൻ, കരിമുരിക്കൻ, തെക്കൻകരിയാത്തൻ, വയനാട്ടുകുലവൻ, തോട്ടുംകരഭഗവതി, പുതിയഭഗവതി, വീരകാളി, ഭദ്രകാളി, വിഷ്ണുമൂർത്തി,
രക്തേശ്വരി, രക്തചാമുണ്ടി, ഉച്ചിട്ട, കരുവാൾ, കണ്‍ഠാകർണൻ, വീരൻ എന്നിവയാണ് മുപ്പതൈവര് കോലങ്ങൾ എന്നറിയപ്പെടുന്ന തെയ്യങ്ങൾ. മന്ത്രമൂർത്തികൾ എന്ന് പറയുന്ന മറ്റൊരു വിഭാഗം തെയ്യങ്ങൾ ഉണ്ട് . മന്ത്രമൂർത്തികൾ 101 പേരുണ്ടെന്നാണ് വിശ്വാസം. പഞ്ചമൂർത്തികൾ എന്ന പേരിൽ പ്രധാനപ്പെട്ട അഞ്ചു തെയ്യക്കോലങ്ങൾ ഉണ്ട്. കുട്ടിശാസ്തൻ, ഭൈരവൻ, ഉച്ചിട്ട, പൊട്ടൻ തെയ്യം, ഗുളികൻ എന്നിവയാണ് ആ തെയ്യങ്ങൾ. അതിൽ ആദ്യത്തെ മൂന്നുപേരും മന്ത്രമൂർത്തികളിൽപെട്ടവയാണ്. ഇവരെകൂടാതെ പുലിദൈവങ്ങളും മറ്റുള്ളവീരന്മാരും നാഗ, യക്ഷ, യക്ഷികൾ എന്നിവരും സ്ഥിരമായികെട്ടിയാടിക്കപെടുന്ന തെയ്യങ്ങളിൽ പെടും.

സ്വാതികം എന്നറിയപ്പെടുന്ന ബ്രാഹ്മണ കർമ്മങ്ങൾ ഉള്ള ക്ഷേത്രങ്ങളും രാജസം എന്നറിയപ്പെടുന്ന മത്സ്യമാംസാദികൾ, മദ്യം എന്നിവ നൈവേദ്യമായി നൽകുന്ന കർമ്മങ്ങൾ ഉള്ള ക്ഷേത്രങ്ങളും തെയ്യങ്ങളും ഉണ്ട്. തെയ്യങ്ങൾ കെട്ടിയാടുന്ന സ്ഥലങ്ങൾക്ക് പ്രത്യേകം പ്രത്യേകം പേരുകൾ നൽകിയിട്ടുണ്ട്. പ്രധാനദേവത ദേവീ സങ്കൽപ്പത്തിലുള്ള ക്ഷേത്രങ്ങൾക്ക് കാവുകൾ എന്ന് പറയും. ഉദാഹരണത്തിന് പുതിയ ഭഗവതി കാവ്, മുച്ചിലോട്ടു ഭഗവതി കാവ് എന്നിങ്ങനെ. എന്നാൽ സാത്വികമായ കർമ്മങ്ങൾ നടക്കുന്ന (മദ്യം, മത്സ്യ മാംസാദികൾ എന്നിവ ഉപയോഗിക്കാത്ത കർമ്മങ്ങൾ ഉള്ള ക്ഷേത്രം) ക്ഷേത്രങ്ങളെ കോട്ടം എന്ന് പറയുന്നു. ഉദാഹരണത്തിന് വേട്ടക്കൊരുമകൻ കോട്ടം, കന്നിക്കൊരുമകൻ കോട്ടം അങ്ങനെ. മുത്തപ്പൻ തെയ്യം കെട്ടിയാടുന്ന ക്ഷേത്രത്തിനു മടപ്പുര എന്നും വിഷ്ണുമൂർത്തി, രക്തചാമുണ്‍ടി എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നതിനെ മുണ്ട്യ എന്നും ഗുളികൻ, പൊട്ടൻ എന്നിങ്ങനെയുള്ള തെയ്യങ്ങൾ കെട്ടിയാടുന്ന ക്ഷേത്രങ്ങൾ സ്ഥാനം എന്നുമാണ്‌ അറിയപ്പെടുന്നത്‌.

അമ്പലങ്ങൾ എന്ന് പറയുന്നത് സ്വാതികമായ കർമ്മങ്ങൾ നടക്കുന്ന സ്ഥലമാണ് എങ്കിൽ തെയ്യം കെട്ടിയാടുന്ന മിക്കവാറും കാവുകളും രാജസകർമ്മത്തിൽ അധിഷ്ടിതമാണ്. മത്സ്യമാംസാദികൾ, മദ്യം എന്നിവ രാജസകർമ്മ തെയ്യങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ്. സ്വാതികമായ കർമ്മത്തിലൂടെ ദൈവത്തെ പ്രസാദിപ്പിക്കുന്ന ചടങ്ങുള്ള തെയ്യങ്ങളും ഒരുപാടുണ്ട്. ഉദാഹരണത്തിന് വേട്ടക്കൊരുമകൻ, കന്നിക്കൊരുമകൻ, ശാസ്താവ് തുടങ്ങിയ തെയ്യങ്ങൾ സ്വാതിക കർമ്മങ്ങൾ ആണ് പിന്തുടർന്ന് പോകുന്നത്. മുകളിൽ പറഞ്ഞ ഈ തെയ്യങ്ങൾക്ക് മത്സ്യമാംസാദികൾ മദ്യം എന്നിവ നിഷിദ്ദമാണ്. എന്നാൽ രാജസകർമ്മങ്ങൾ ചെയ്യുന്ന കാവുകളിലും ക്ഷേത്രങ്ങളിലും നൈവേദ്യമായി ഇത് ഉണ്ടാകുകയും തെയ്യങ്ങൾ ഇത് കർമ്മ പൂർത്തീകരണത്തിന് വേണ്ടി സേവിക്കുകയും ചെയ്യും. ഉദാഹരണത്തിന് പുതിയഭഗവതി, ഭദ്രകാളി തുടങ്ങിയ തെയ്യങ്ങൾ ഉള്ള കാവുകൾ .

തെയ്യങ്ങൾ വർഷാവർഷം കെട്ടിയാടുന്ന കാവുകളാണ് മിക്കവാറും. അതിനു കാൽകളിയാട്ടം എന്നാണു പൊതുവെ പറയുക. എന്നാൽ രണ്ടു വർഷം മുതൽ നാല് വർഷം വരെ ഇടവേളയിൽ തെയ്യം കെട്ടിയാടുന്നതിനെ കളിയാട്ടം എന്നും അഞ്ചോ അതിലധികമോ വർഷം കൂടി തെയ്യം കെട്ടിയാടുന്നതിനെ പെരുംകളിയാട്ടം എന്നും പറയും .

വളരെ ചിട്ടയായ ചടങ്ങുകൾ ഉള്ള അനുഷ്ഠാനമാന് തെയ്യം. ഒരു തെയ്യം കെട്ടുന്നതിനു മുൻപ് അതുമായി ബന്ധപ്പെട്ടു ഒരുപാട് ചടങ്ങുകൾ നടക്കേണ്ടതുണ്ട്. ഒരു ക്ഷേത്രത്തിൽ തെയ്യവുമായി ബന്ധപ്പെട്ടു ആദ്യം ചെയ്യുന്ന ചടങ്ങാണ് അടയാളം കൊടുക്കൽ. ആ ക്ഷേത്രത്തിലെ പ്രധാന തെയ്യം കെട്ടുന്ന കോലക്കാരനെ നിശ്ചയിക്കുന്ന ചടങ്ങാണ് ഇത്. കാൽകളിയാട്ടമാണ് എങ്കിൽ ഒരു ജന്മാരിക്ക് (ആ പ്രദേശത്ത് തെയ്യം കെട്ടാൻ അവകാശം ഉള്ള ആൾ) വെറ്റില, അടക്ക, നെല്ല്, പണം എന്നിവ നൽകുകയാണ് ചെയ്യുക. തെയ്യം നടക്കുന്നതിനു മുൻപുള്ള സംക്രമ ദിവസമാണ് ഇത് നൽകുക. എന്നാൽ മുച്ചിലോട്ട് പോലെയുള്ള പെരുംകളിയാട്ടം നടക്കുന്ന കാവുകളിൽ തെയ്യം കെട്ടാൻ അനുയോജ്യനായ ഒരാളെ കണ്ടെത്തുകയാണ് ചെയ്യുക. വരച്ചുവെക്കൽ എന്നാണു ആ ചടങ്ങിനെ പറയുക. ചില തെയ്യങ്ങളുടെ കോലം അണിയാൻ കോലക്കാരൻ വൃതം എടുക്കേണ്ടതായി വരും.
മിക്കവാറും പ്രധാനപെട്ട തെയ്യങ്ങൾ കെട്ടാൻ വൃതം എടുക്കണം. ഓരോ തെയ്യത്തിന്റെയും പ്രത്യേകത അനുസരിച്ച് വൃതത്തിന്റെ രീതികളും മാറും. ചില തെയ്യങ്ങൾക്ക് തലപ്പാളയുടെ (ജന്മാവകാശമായി കിട്ടുന്ന തെയ്യം കെട്ടുന്നതിനു മുൻപ് വയ്ക്കുന്ന പ്രത്യേകതരം തൊപ്പി പോലെയുള്ള ആഭരണം) അവകാശിക്ക് മാത്രമേ ആ തെയ്യം കെട്ടാൻ പാടുള്ളൂ എന്നുണ്ട്. അവർ അത് കൈമാറാൻ പാടില്ല എന്നാണു നിയമം. കൈമാറിയാൽ അത് കിട്ടിയ ആൾക്ക് ആയിരിക്കും പിന്നെ അവകാശം. പാരമ്പര്യമായി കൈമാറിയാണ് അങ്ങനെയുള്ള തെയ്യങ്ങൾ കെട്ടുന്നത് .

അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനതിനായാണ് ഈ കല പരശുരാമൻ സൃഷ്ടിച്ചത് എന്ന് പറയപ്പെടുന്നു. അറുപത്തിനാല് ബ്രാഹ്മണ ഇല്ലങ്ങൾക്ക് അധികാരം കൊടുക്കുമ്പോൾ ആ അധികാരം അവർ ദുരുപയോഗം ചെയ്തേക്കാം എന്നറിയാവുന്നതുകൊണ്ടായിരിക്കാം അഥസ്ഥിത വിഭാഗങ്ങൾക്ക് ഒരു ജീവിതമാർഗ്ഗം എന്നതിലുപരി ഉയർന്ന ജാതിക്കാരുടെ പോലും ബഹുമാനം പിടിച്ചുപറ്റുന്ന വിധത്തിൽ ദൈവമായി മാറാൻ അവസരം കൊടുത്തത്. തെയ്യമായാൽ എത്ര ഉന്നതകുലജാതനും അവനെ തൊഴുന്നു.

തുലാമാസം(ഒക്ടോബർ) പത്താം തീയ്യതിയാണ് മലബാറിലെ തെയ്യക്കാലം ആരംഭിക്കുന്നത് കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്‍ഠൻ ക്ഷേത്രത്തിലെ കളിയാട്ടതോട് കൂടിയാണത്. ഇടവത്തിലെ(ജൂണ്‍ ) പുതിയതെരു കളരിവാതുക്കൽ ക്ഷേത്രത്തിലെ തെയ്യത്തോട്‌ കൂടിയാണ് മലബാറിലെ തെയ്യക്കാലം അവസാനിക്കുന്നത്. ഒരു ക്ഷേത്രത്തിൽ തെയ്യം ആരംഭിക്കുന്നതിനു
തലേദിവസം നടക്കുന്ന ചടങ്ങാണ് തോറ്റം, വെള്ളാട്ടം എന്നിവ. വീരമൃത്യു വരിച്ചവർക്കും ദേവി സങ്കൽപ്പത്തിലുള്ള കോലങ്ങൾക്കും പൊതുവെ നൃത്തം ചെയ്യുന്ന തോറ്റങ്ങൾ ഉണ്ടാകും അല്ലാതെയുള്ള തെയ്യങ്ങൾക്ക് പൊതുവെ തോറ്റം പ്രധാന കോലക്കാരൻ പാടുകയും അതിനു ശേഷം വെള്ളാട്ടരൂപം കെട്ടിയാടുകയുമാണ് പതിവ് വെള്ളാട്ടം എന്ന് പറയുന്നത് ചമയങ്ങളോട് കൂടിയുള്ള തെയ്യത്തിന്റെ ബാലരൂപമായിരിക്കും. പിറ്റേദിവസം ഇറങ്ങുന്ന തെയ്യത്തിന്റെ മിക്കവാറും എല്ലാ നൃത്ത ചടങ്ങുകളും വെള്ളാട്ടം കാണിക്കും .
ആടയാബരണങ്ങളിൽ മുടിയിൽ മാത്രമായിരിക്കും തെയ്യവും ആ തെയ്യത്തിന്റെ വെള്ളാട്ടവുമായി മിക്കവാറും വ്യത്യാസം ഉണ്ടാകുക. തെയ്യം തുടങ്ങുന്നതിനു മുന്നോടിയായി മുഖ്യ ദേവനെയോ ദേവിയെയോ ആദ്യം സ്തുതിച്ചു പാടുന്ന ഒരു ചടങ്ങുണ്ട്. അരിയിട്ടു വന്ദിച്ചു കൊണ്ടാണ് ഇങ്ങനെ ചടങ്ങുകൾ തുടങ്ങുന്നത്. മുഖ്യ തെയ്യത്തിന്റെ കോലക്കാരൻ നടുവിലും വാദ്യങ്ങൾ കൊണ്ട് മറ്റുള്ളവരും ചുറ്റിലും നിന്നാണ് ഇത് ചെയ്യുക. ക്ഷേത്ര മുറ്റത്ത്‌ നിന്നും തെയ്യത്തിലേക്ക് അവിടത്തെ ദേവി ദേവന്മാരെ വിളിച്ചുണർത്തുന്ന ചടങ്ങാണിത്‌. നന്താർ വിളക്കും തിരുവായുധവും അരിയിട്ടു വന്ദിക്കാം എന്ന് തുടങ്ങി എഴുന്നള്ളി വരികവേണം ദൈവമേ എന്നുവരെയുള്ള പ്രാർത്ഥന ചടങ്ങാണിത്‌. ഇത് കഴിഞ്ഞാൽ ഉടൻ സന്ധ്യവേല എന്ന ചടങ്ങ് നടക്കും. ദേവി ദേവന്മാരെ ചെണ്ടകൊട്ടി ഉണർത്തി തെയ്യത്തിലേക്ക് ക്ഷണിക്കുന്ന ചടങ്ങാണ് ഇത്. ഇതിനു ശേഷമാണ് ആതാതു തെയ്യങ്ങളുടെ തോറ്റം, വെള്ളാട്ടം എന്നിവ ഉണ്ടാകുക. തോറ്റത്തിൽ തന്നെ ഉച്ച തോറ്റം അന്തിതോറ്റം എന്നിങ്ങനെ രണ്ടു തരമുണ്ട് ഉണ്ട്. ഇതിലെ ചടങ്ങുകൾ വ്യത്യസ്തമാണ്. ദൈവത്തെ കോലക്കാരൻ സ്തുതിച്ചു പാടുന്ന ചടങ്ങാണ് തോറ്റം. അതിനു ശേഷം അവർ സങ്കൽപ്പിക്കുന്ന ദേവി ദേവന്മാർ അവരിലെക്കു ആവേശിക്കും എന്നാണു വിശ്വാസം. തോറ്റതിന് അധികം ചമയങ്ങൾ ഉണ്ടാകില്ല. വെള്ളാട്ടം എന്ന് പറയുന്നത് ശരിക്കും ഒരു തെയ്യരൂപം തന്നെയാണ്. കുറച്ചു ആടയാഭരണങ്ങൾ മാത്രമേ തെയ്യത്തിൽ നിന്നും വെള്ളാട്ടവുമായി വ്യത്യാസം ഉണ്ടാകു. തെയ്യം എന്തൊക്കെ നൃത്തരൂപങ്ങൾ അവതരിപ്പിക്കും എന്നതിന്റെ ഒരു ആമുഖം ആയി വെള്ളാട്ടങ്ങളെ കാണാം.

തെയ്യങ്ങളിൽ തന്നെ മന്ത്രമൂർത്തികൾ എന്നറിയപ്പെടുന്ന ഉഗ്രമൂർത്തികളായ തെയ്യക്കോലങ്ങൾ എല്ലാം കെട്ടിയാടുന്നത്‌ മലയസമുദായക്കാരാണ്. എന്നാൽ പൊതുവെ കൂടുതൽ തെയ്യങ്ങൾ വണ്ണാൻ സമുദായക്കാർക്കാണു ഉള്ളത്. വീരമൃത്യുവരിച്ചു ദൈവകരുവായി മാറിയവരുടെ എല്ലാ തെയ്യക്കോലങ്ങളും കെട്ടുന്നത് വണ്ണാൻ സമുദായക്കാരാണ്. കാണാൻ സാമ്യമുള്ള ഒരേ രീതിയിലുള്ള പല തെയ്യക്കോലങ്ങൾ ഉണ്ട് എങ്കിലും സസൂക്ഷ്മം നിരീക്ഷിച്ചാൽ പല വ്യത്യാസങ്ങളും കണ്ടെത്താൻ കഴിഞ്ഞേക്കും. മുഖത്തെഴുതിൽ ആയിരിക്കും വ്യത്യാസങ്ങൾ ഉണ്ടാകുക. ഓരോ തെയ്യത്തിന്റെ സ്വഭാവസവിശേഷത, രൗദ്രത എന്നിവ മുഖത്തെഴുതിൽ നിന്നും ആടയാഭരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. മുഖത്തെഴുത്തും ചമയവും കഴിഞ്ഞു തെയ്യം കെട്ടുന്ന ആൾ ആടയാഭരണങ്ങളോട് കൂടി ക്ഷേത്രത്തിനു മുൻപിലുള്ള പീഠത്തിൽ വന്നിരിക്കുന്നു. അതിനു ശേഷം ഏതു തെയ്യമാണോ അയാൾ കെട്ടിയാടുന്നത്‌ ആ ദേവനെ/ ദേവിയെ സ്തുതിച്ചു കൊണ്ട് തോറ്റങ്ങൾ (സ്തോത്രങ്ങൾ) ചൊല്ലുന്നു. സഹായികളായ മറ്റുള്ള ആൾക്കാർ ചേർന്ന് മുടി വയ്ക്കുന്നു. ഓരോ തെയ്യത്തിന്റെയും രൂപത്തിനും ഭാവത്തിനും അനുസരിച്ച് പല തരത്തിലുള്ള മുടികൾ ഉണ്ടാകും. ദേവീ സങ്കൽപ്പമാണെങ്കിൽ മിക്കവാറും വലിയ മുടികളും വട്ടമുടികളുമാണ് ഉണ്ടാകുക. ദേവന്മാർക്ക് വലിയ മുടി പൊതുവെ കുറവാണ്. മുടി വയ്ക്കൽ ചടങ്ങുകൾ നടക്കുമ്പോൾ തന്നെ വളരെ പതിഞ്ഞ താളത്തിൽ ചെണ്ട കൊട്ടി തെയ്യത്തെ നൃത്തത്തിനായി വരവേറ്റു തുടങ്ങും. മുടി വച്ച് കഴിഞ്ഞാൽ കോലക്കാരൻ കണ്ണാടിയിൽ താൻ ദൈവമായി മാറിയത് നോക്കികാണുന്നു. അതോടു കൂടി അയാളിലേക്ക് ആ ദേവ ചൈതന്യം ആവേശിക്കുന്നു എന്നാണു വിശ്വാസം. ചെണ്ടകളുടെയും തകിലിന്റെയും ശബ്ദം അപ്പോൾ ഉച്ചസ്ഥായിയിൽ ആയിരിക്കും. ദൈവം ആവേശിച്ച ഉടൻ പീഠത്തിൽ നിന്നും എഴുന്നേറ്റു നൃത്തം തുടങ്ങുന്നു. ക്ഷേത്രത്തിൽ ആൾക്കാർ തെയ്യത്തെ അറിയെരിഞ്ഞു വരവേൽക്കുന്നു. തെയ്യം നൃത്തം ചെയ്യുന്നതിനിടയിൽ തന്നെ
ആ ദേവൻ അല്ലെങ്കിൽ ദേവി ഉപയോഗിക്കുന്ന ആയുധങ്ങൾ ഓരോന്നായി സ്വീകരിക്കുകയും അതെടുത്തു നൃത്തം ചെയ്യുകയും ചെയ്യുന്നു .

നൃത്തം ചെയ്തു കഴിഞ്ഞ തെയ്യങ്ങൾ ഭക്തരുടെ പരാതി കേൾക്കാൻ ഇരിക്കുന്നു. അവരുടെ സങ്കടങ്ങൾ ഓരോന്നായി കേൾക്കുന്നു പരിഹാരം നിർദ്ദേശിക്കുന്നു. ഭക്തനും ദൈവവും പരസ്പ്പരം നേരിട്ട് സംവദിക്കുന്ന ഒരു അപൂർവ്വ ചടങ്ങാണ് തെയ്യം. കുറി കൊടുത്തു ഭക്തജനങ്ങളെ അനുഗ്രഹിച്ച ശേഷം കലശമാടി നാടിനും നാട്ടാർക്കും ഗുണത്തെ ചൊല്ലി അടുത്തവർഷം വീണ്ടും സംവദിക്കാം എന്നും പറഞ്ഞു തിരുമുടി അഴിച്ചുവയ്ക്കുന്നതോട് കൂടി തെയ്യം അവസാനിക്കുന്നു.

ഒരു പ്രദേശത്ത് നടക്കുന്ന തെയ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ജനകീയ കൂട്ടായ്മ ആണ്. എല്ലാ വിഭാഗങ്ങളും ഏതെങ്കിലും തരത്തിൽ ഇതിൽ പങ്കു ചേരുന്നുണ്ട്. ഒരു തെയ്യം നടക്കുമ്പോൾ ഓരോ വിഭാഗതിന്നും പ്രത്യേക അവകാശങ്ങൾ ഉണ്ട്. തെയ്യം നടക്കുന്ന ക്ഷേത്രങ്ങളിലെ ഉത്തമ കർമ്മങ്ങൾ ബ്രാഹ്മണർക്ക് അവകാശപ്പെട്ടതാണ് ഊരായ്മ സ്ഥാനം നായർക്കും കലശമാടാനുള്ള അവകാശം തീയർക്കും വിളക്കിൽ എണ്ണകൊടുക്കാനുള്ള അവകാശം വാണിയസമുദായക്കാർക്കും മാറ്റ് (അലക്കിയ വസ്ത്രം) നൽകാനുള്ള അവകാശം വണ്ണത്താൻ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്കും ആയുധങ്ങൾ ഉണ്ടാക്കാനും അത് കേടുപാട് തീർത്തുകൊടുക്കാൻ കൊല്ലൻ സമുദായക്കാർക്കും മേലേരിക്ക് വേണ്ടിയുള്ള (തെയ്യത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ തറയിൽ മരം കൂട്ടിയിട്ടു കത്തിച്ചത് കൂട്ടിയട്ടത് ) മരം മുറിക്കാനുള്ള അവകാശം ആശാരിമാർക്കും ചെണ്ടകൊട്ടാനും തെയ്യങ്ങൾ കെട്ടാനുമുള്ള അവകാശങ്ങൾ മലയൻ, വണ്ണാൻ തുടങ്ങിയ സമുദായങ്ങൾക്കും കൽപ്പിച്ചുകൊടുത്തിട്ടുണ്ട്‌ . എല്ലാ വിഭാഗം ആൾക്കാരും പങ്കെടുക്കുന്ന മത നിരപേക്ഷ കൂട്ടായ്മയാണ് തെയ്യങ്ങൾ. തെയ്യങ്ങൾ തന്നെ ഓരോ വിഭാഗങ്ങൾക്കും ഓരോ പ്രത്യേക വിളിപ്പേരാണ് ഉപയോഗിക്കുക. ഉദാഹരണത്തിന് തീയ്യ സമുദായത്തെ എട്ടില്ലക്കാർ എന്നാണു പൊതുവെ തെയ്യങ്ങൾ പറയുക. ഓരോ സമുദായത്തിനും അങ്ങനെ ഓരോ പേരുകൾ ഉണ്ട്. മുസ്ലിങ്ങൾക്ക്‌പോലും വിളിപ്പേരുണ്ട്മാ. ടായി നഗരമേ എന്നാണു മുസ്ലിങ്ങളെ വിളിച്ചുപോരുന്നത്. ആദ്യകാലത്ത് മാടായിൽ കുടിയേറിപാർത്തവർ എന്ന നിലയ്ക്കാണ് ആ പേര് വന്നത്. തളിപറമ്പ് ദേശവുമായി ബന്ധമുള്ള ബ്രാഹ്മണരെ പെരിഞ്ചെല്ലൂർ ഗ്രാമമേ എന്നും വിളിച്ചു പോരുന്നു ആരാധന എന്ന നിലയ്ക്കാണ് തെയ്യങ്ങൾ കെട്ടിയാടുന്നത്‌ എങ്കിലും സാമൂഹ്യ നന്മയാണ് അത് ലക്ഷ്യമിടുന്നത്. പണ്ടുകാലത്ത് രോഗങ്ങൾ മാറാനും കർഷകർക്ക് നല്ല വിളവു ലഭിക്കാനുമൊക്കെയാണ് തെയ്യങ്ങളെ ആരാധിച്ചുപോന്നിരുന്നത്. മിക്ക തെയ്യങ്ങളും കാർഷിക ദേവതകളും രോഗം മാറ്റുന്ന ദേവതകളുമാണ്. ജാതി വ്യവസ്ഥിതിയെ വിമർശിക്കുന്ന തെയ്യങ്ങളും ഉണ്ട് .

തെയ്യങ്ങൾ മലബാറിന്റെ സാമൂഹ്യ ചരിത്രത്തെ ഒരുപാടു സ്വാധീനിക്കുന്നുണ്ട്. ഒരു ദേശത്തിന്റെ ഐക്യം നിലനിർത്താനും ബന്ധങ്ങൾ ഊട്ടിഉറപ്പിക്കാനും അത് സഹായിക്കുന്നുണ്ട്. ജാതി മത രാഷ്ട്രീയ ഭേദമന്യേ ആളുകള് അതിൽ പങ്കാളികളാകുന്നു എന്നതാണ് തെയ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അവിടെ വലിയവനും ചെറിയവനുമില്ല. ജാതിയില്ല മതമില്ല ദേശമില്ല. ആർക്കും പങ്കാളികളാകാം. ദൈവത്തോട് സങ്കടമുണർത്തിക്കാം. ഇത് തന്നെയാണ് മറ്റുള്ള അനുഷ്ഠാന കലയിൽ നിന്നും തെയ്യത്തെ വ്യത്യസ്ഥമാക്കുന്നത്. നാടിനും നാട്ടാർക്കും സമ്പത്തും ഐശ്വര്യവും നന്മയും തന്നെയാണ് ഓരോ കളിയാട്ടതിന്റെയും ലക്ഷ്യം. ഓരോ സമുദായത്തെയും ആൾക്കാരെയും പേരെടുത്തു ചൊല്ലി ഗുണത്തെ ചൊല്ലി പിരിയൽ എന്നൊരു ചടങ്ങുണ്ട് തെയ്യത്തിന്. ഏറ്റവും അവസാനം നടക്കുന്ന ഈ ചടങ്ങിലെ കുറച്ചു വരികൾ മാത്രം താഴെ കൊടുക്കുന്നു. സാമൂഹ്യ നന്മ തന്നെയാണ് ഇതിന്റെ ലക്ഷ്യമെന്നു അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും .

തെയ്യത്തിന്റെ ഗുണത്തെചൊല്ലി പിരിയൽ താഴെകൊടുക്കുന്നു.

“എന്റെ കാൽകളിയാട്ടം കാണാൻ വന്ന ജനങ്ങൾക്കും
അവരുടെ സന്താനങ്ങൾക്കും സന്തതികൾക്കും
നെല്ലും പൊന്നും ഭണ്‍ഠാര കാര്യത്തിന്നും
മേലാക്കതിന്നും മേൽവലക്കതിന്നും എറിയൊരു ഗുണം വരണം”

Theyyakkolam