കാവുകളിൽ മിക്കതും ഭഗവതിക്കാവുകളാണ്. ഒറവങ്കരക്കാവ്, കരക്കീൽകാവ്, കാപ്പാട്ടുകാവ്, കുട്ടിക്കരക്കാവ്, പാറമേൽക്കാവ്, പ്രമാഞ്ചേരിക്കാവ്, വല്ലാകുളങ്ങരക്കാവ്, കക്കരക്കാവ്, പൂമാലക്കാവ്, കണങ്ങാട്ടുകാവ്, മുച്ചിലോട്ടുകാവ്, തിരുവർകാട്ടുകാവ് എന്നിങ്ങനെ മുഖ്യദേവതകളുടെ പേരുകളിലാണ് കാവുകൾ പലതും അറിയപ്പെടുന്നത്.

മുണ്ട്യക്കാവ്, ഊർപ്പഴച്ചിക്കാവ്, പാലോട്ടുകാവ്, അണ്ടലൂർക്കാവ് എന്നിങ്ങനെ പുരുഷദൈവങ്ങൾക്കു പ്രാമുഖ്യമുള്ള കാവുകളുമുണ്ട്. ഓരോ കാവിലും മുഖ്യദേവതയ്ക്കു പുറമേ മറ്റനേകം ഉപദേവതകളും ഉണ്ടായിരിക്കും.

ഒറ്റപ്പെട്ട കാവുകളാണ് കൂടുതലെങ്കിലും ചില ദേവതകളുടെ കാവുകൾ വിവിധ ഗ്രാമങ്ങളിൽ ഉണ്ടാകും. വാണിയ (ചക്കാല നായർ) സമുദായക്കാരുടെ ആരാധനാലയമാണ് മുച്ചിലോട്ടുകാവുകൾ. മുച്ചിലോട്ടു ഭഗവതിയെന്ന മുഖ്യദേവതയ്ക്കു പുറമേ കണ്ണങ്ങാട്ടു ഭഗവതി, പുലിയൂരുകാളി, പുലിക്കണ്ടൻ തുടങ്ങിയ ദേവതകളും ചില മുച്ചിലോട്ടുകാവുകളിലുണ്ടാകും.

കരിവെള്ളൂരിലാണ് ആദിമുച്ചിലോട്ടുകാവ്. തൃക്കരിപ്പൂർ, കോറോം, കൊട്ടില, കവിണിശ്ശേരി, വളപട്ടണം,കുന്നാവ്, നമ്പ്രം, പെരുതണ, കരിച്ചാടി, അതിയാൽ, നീലേശ്വരം, ക്ണാവൂർ, ക്ളായിക്കോട്, ചെറുവത്തൂർ, ചന്തേര, കാറോൽ, തായനേരി, പയ്യന്നൂര്, രാമന്തളി, എരമം, മാതമംഗലം, വെള്ളോറ, കുഞ്ഞിമംഗലം, കോക്കോട്, വെങ്ങര, അതിയടം, വെള്ളാവ്, കൂവേരി, തലോറ്, കീയാറ്റൂർ, കുറുമാത്തൂർ, കല്യാശ്ശേരി, അരീക്കുളങ്ങര, എടക്കേപ്പുറം, ആറ്റടപ്പ, മുക്വത്ത് എന്നീ പ്രദേശങ്ങളിൽ മുച്ചിലോട്ടുകാവുകളുണ്ട്.

ആരിയപൂമാല ഭഗവതിയുടെ ആരാധനാലയമാണ് പൂമാലക്കാവുകൾ. കുറുവന്തട്ട, മണിയറ, തലേനരി, രാമവില്യം, വയലപ്ര, വടക്കൻകൊവ്വൽ, അന്നീകര, കുട്ടമത്ത്, കൊയോങ്കര, കുന്നച്ചേരി തുടങ്ങിയ അനേകം സ്ഥലങ്ങളിൽ പൂമാലക്കാവുകൾ കാണാം. ഈ കാവുകളിൽ മറ്റ് അനേകം ദേവതകളെക്കൂടി ആരാധിച്ചുപോരുന്നു.

കേരളത്തിലെ യാദവ വംശജരെന്നു കരുതപ്പെടുന്ന മണിയാണിമാരിൽ ഒരു വിഭാഗക്കാരായ എരുവാന്മാരുടെ ആരാധനാലയങ്ങളാണ് കണ്ണങ്ങാട്ടുകാവുകൾ. കണ്ണങ്ങാട്ടു ഭഗവതിയുടെ ആദിസങ്കേതം വയത്തൂരാണെന്നാണ് ഐതിഹ്യം. കൊറ്റി, കാരളിക്കര, കൊക്കാനിശ്ശേരി, ഫാടനാട്ട്, കാക്കോൽ, കൂറ്റൂർ, പെരിങ്ങോം കിഴക്കെ ആലക്കാട്, പെരിങ്ങോം, ആലപ്പടമ്പ്, രാമന്തളി, വെള്ളോറ എന്നിവിടങ്ങളിൽ കണ്ണങ്ങാട്ടുകാവുകളുണ്ട്.

വസൂരി ദേവതകളായ 'ചീറുമ്പമാ'രുടെ ആരാധനാലയങ്ങളാണ് ചീറുമ്പക്കാവുകൾ. തീയർ, തച്ചന്മാർ (ആശാരിമാർ), മുക്കുവർ, കരിമ്പാലൻ എന്നീ സമുദായക്കാർ ഈ ദേവതമാരെ ആരാധിക്കുന്നു. ചീറുമ്പയ്ക്ക് തെയ്യക്കോലമില്ലെങ്കിലും ആ കാവുകളിൽ മറ്റനേകം തെയ്യങ്ങളുണ്ട്. പീലിക്കോട്, കൊയോൻകര (തൃക്കരിപ്പൂര്), ചെറുവത്തൂർ, പയ്യന്നൂര്, മാടായി എന്നിവിടങ്ങളിലെ ചീറുമ്പക്കാവുകൾ ആശാരിമാരുടേതാണ്.

 

കടപ്പാട് : വിക്കിപീഡിയ