വടക്കേ മലബാറിലെ കൊച്ചു കുട്ടികൾക്കു പോലും അറിയാവുന്ന തെയ്യമാണ് ഗുളികൻ.പൊയ്മുഖവും കുരുത്തോല ചമയങ്ങളും അണിയുന്ന ഈ ദൈവം കാര ഗുളികൻ,മാരണ ഗുളികൻ, ചൗക്കാർ ഗുളികൻ,ഉൻമത്ത ഗുളികൻ, ചുവന്ന ഗുളികൻ എന്നിങ്ങനെ പല രൂപങ്ങളിലും ഭാവങ്ങളിലും കെട്ടിയാടുന്നു. ചിലയിടങ്ങളിൽ നീളൻ മുടി വെച്ച് പൊയ്ക്കാലിൽ ചുവടു വെക്കുന്ന ഗുളികനെ കാണാമെങ്കിൽ മറ്റു സ്ഥലങ്ങളിൽ മരണത്തെ തമാശകളിലൂടെ അനുകരിച്ചു കാണിക്കുന്ന ഗുളികനെയും കാണാം. കൂക്കിവിളികളാൽ കളിയാക്കുന്ന കുട്ടികളെ ചൂട്ടു കറ്റകളും പിടിച്ച് ഗുളികൻ ഓടിക്കും.ഗുളികൻ കുട്ടികളെ നോക്കും പോലെ എന്നൊരു ചൊല്ല് തന്നെയുണ്ട് വടക്കേ മലബാറിൽ.ഉൻമത്ത ഗുളികന്റെ ചടങ്ങുകളിലൊക്കെ ആദ്യം കുട്ടിയെ നന്നായി നോക്കുന്നതും അവസാനം ശൂലം കൊണ്ട് കുത്തുന്നതും കാണാം.
കാലനില്ലാത്ത കാലത്ത് ശിവൻ തന്റെ പുറം കാലിൽ നിന്ന് സൃഷ്ടിച്ചതാണ് മന്ത്രമൂർത്തികളിൽ പ്രധാനിയായ ഗുളികനെ എന്നാണ് വിശ്വാസം.. കെട്ടിയാടാത്ത കാവുകളിൽ ഗുളികന് സ്ഥാനം ഉണ്ടായിരിക്കും..
കോപ്പാള സമുദായക്കാർ കെട്ടിയാടുന്ന ഗുളികനാണ് ചിത്രത്തിലുള്ളത്.
കാസർഗോഡ് രാവണേശ്വരത്തെ അപ്ലിയത്ത് തറവാടിൽ നിന്നും പകർത്തിയത്.