തെയ്യാട്ടത്തിന്റെ ആദ്യത്തെ ചടങ്ങാണിത്. തെയ്യത്തിന്റെ തീയതി നിശ്ചയിച്ച് കോലം(തെയ്യം) കെട്ടാൻ നിശ്ചിതകോലക്കാരനെ ഏൽപ്പിക്കലാണ്‌ ഈ ചടങ്ങ്. ദേവതാസ്ഥാനത്തിനു മുമ്പ് വെറ്റിലയും പഴുക്കയും പണവും കൂടി കോലക്കാരന്‌ സമ്മാനിച്ച് ഇന്ന കോലം കെട്ടണമെന്ന് ആചാരപ്പേര്‌ പറഞ്ഞേൽ‌പിക്കും.

ചില തെയ്യങ്ങൾക്ക് വ്രതമെടുക്കേണ്ടതായിട്ടുണ്ട്. വ്രതമെടുക്കേണ്ട കോലങ്ങളാണെങ്കിൽ വ്രതാനുഷ്ഠാനം അതോടെ ആരംഭിക്കും. സ്ഥാനികരും കോമരങ്ങളും കോലക്കാരനുമെല്ലാം വ്രതശുദ്ധിയോടെയിരിക്കണം. തെയ്യങ്ങൾക്കുമുന്നേ അനുഷ്ഠിക്കേണ്ട വ്രതത്തിന്‌ ദിവസവ്യത്യാസമുണ്ട്. മൂന്നു ദിവസം, അഞ്ചു ദിവസം, ഏഴു ദിവസം എന്നിങ്ങനെയാണ്‌ സാധാരണ വ്രതാനുഷ്ഠാനത്തിന്റെ ദിവസാക്രമം. ഒറ്റക്കോലം തുടങ്ങിയ തീക്കോലങ്ങൾക്കും മറ്റും ഇരുപത്തി ഒന്ന് ദിവസം വ്രതമനുഷ്ഠിക്കും. വ്രതാനുഷ്ഠാനസംമയത്ത് ഒരു പ്രത്യേക കുച്ചിലിൽ(പുരയിൽ) താമസിച്ച് ശുദ്ധമായി ഭക്ഷണം കഴിക്കണം. മത്സ്യമാംസാദികളെല്ലാം അക്കാലത്ത് നിഷിദ്ധമാണ്‌. മദ്യപിക്കുന്ന തെയ്യമാണെങ്കിൽ പോലും തെയ്യാട്ടത്തിന്റെ അംശമായിട്ടേ മദ്യം കഴിക്കാവൂ.

മുച്ചിലോട്ടുകാവുകളിലും മറ്റും ഇരുപത്തി ഒന്ന് ദിവസം മുമ്പേ കോലക്കാരനും കോമരങ്ങളും വ്രതാനുഷ്ഠാനം ആരംഭിക്കും. അതിന്റെ തുടക്കത്തില്‌ വരച്ചുവയ്ക്കൽ എന്നാണ്‌ പറയുക. വരച്ചുവെച്ചാൽ പിന്നെ കാവിന്റെ പരിസരത്ത് നിന്ന് അകലെപ്പോകുവാനോ അശുദ്ധിയേൽക്കുവാനോ പാടില്ലെന്നാണ്‌ നിയമം. വ്രതകാലത്ത് സാധാരണയായി തിനക്കഞ്ഞിയാണ്‌ ഭക്ഷിക്കുക.

സാധാരണയായി വണ്ണാൻ, കോപ്പാള, മലയ സമുദായക്കാരാണ് തെയ്യം കെട്ടുന്നത്. ക്ഷേത്രപാലകൻ പോലുള്ള തെയ്യങ്ങൾ കെട്ടുന്നത് വണ്ണാന്മാരിലെ 'ചിങ്കം' സ്ഥാനം കിട്ടിയവരാണ്.മുച്ചിലോട്ട് ഭഗവതി പോലുള്ള തെയ്യങ്ങൾ കെട്ടുന്നത് അഞ്ഞൂറ്റാൻ, പുല്ലൂരാൻ വിഭാഗക്കാരാണ്.വിഷ്ണുമൂർത്തി, രക്തചാമുണ്ടി, തീച്ചാമൂണ്ടി ഇത്തരം തെയ്യങ്ങൾ മലയ സമുദായക്കാർ കെട്ടുമ്പോൾ കുറത്തി, കുണ്ടോർ ചാമുണ്ടി തെയ്യങ്ങൾ കെട്ടുന്നത് കോപ്പാള സമുദായക്കാരാണ്.

 

കടപ്പാട് : വിക്കിപീഡിയ