മുച്ചിലോട്ടു ഭഗവതി | MuchilottuBhagavathi

പരശുരാമന്‍ നിര്‍മ്മിച്ചു എന്ന് കരുതപെടുന്ന  64 ഗ്രാമങ്ങളിൽ ഏറ്റവും വിശിഷ്ടം എന്ന് പേര് കേട്ട ഗ്രാമമായിരുന്നു പെരിഞ്ചെല്ലൂർ (ഇന്നത്തെ തളിപറമ്പ്).

വേദശാസ്ത്രങ്ങളിൽ പെരിഞ്ചല്ലൂർ ഗ്രാമത്തിലെ ബ്രാഹ്മണരെ വെല്ലാൻ ആരുമില്ലായിരുന്നു. പുറംദേശക്കാരായ ബ്രാഹ്മണര്‍ പെരിഞ്ചല്ലൂര്‍ ആസ്ഥാനമായി തങ്ങളുടെ  തര്‍ക്കശാസ്ത്രത്തില്‍ അറിവും കഴിവും തെളിയിക്കുക ഒരു പതിവായിരുന്നു. അതില്‍ തര്‍ക്ക ശാസ്ത്രത്തില്‍ പേര് കേട്ട ഒരു മനയായിരുന്നു രയരമംഗലത്ത് മന. തര്‍ക്കശാസ്ത്രങ്ങളില്‍ വളരെയധികം പ്രാവീണ്യം നേടിയവര്‍ ഉണ്ടായിരുന്ന ആ മന തലമുറകള്‍ നിലനിര്‍ത്താന്‍ മക്കളില്ലാതെ അന്യം നിന്ന് പോകാറായി.

മക്കളില്ലാതെ വിഷമിച്ച രയരമംഗലം തിരുമേനിക്ക് പ്രാര്‍ത്ഥനയുടെ ഫലമായി ഒരു പെണ്കുഞ്ഞു പിറന്നു.

തര്‍ക്ക ശാസ്ത്രങ്ങളില്‍ പഴയ പേര് വീണ്ടെടുക്കാന്‍ ഒരു ആണ്‍ കുഞ്ഞു പിറക്കാഞ്ഞതില്‍ അദ്ദേഹത്തിന് വിഷമം ഉണ്ടായി എങ്കിലും അതിനു പകരമായി എല്ലാ വിദ്യകളും അറിവ് നേടാന്‍ മകളെ അയക്കുകയാണ് അദ്ദേഹം ചെയ്തത്. 15  വയസ്സ് പൂര്‍ത്തിയായപ്പോഴേക്കും ആ കന്യക സകല വിദ്യകളിലും അറിവ് നേടി. അവളുടെ പാണ്ഡിത്യം പ്രശസ്തി നേടി…………

എന്നാൽ പെണ്ണായ അവളുടെ പാണ്ഡിത്യത്തെ  അംഗീകരിക്കാൻ പെരിഞ്ചലൂരിലെ നമ്പൂതിരിമാർക്ക് ആയില്ല. നേരിട്ട് തർക്കത്തിന്  വന്നു നോക്കി കന്യകയ്ക് മുൻപിൽ അവർ ദയനീയമായി പരാജയപ്പെട്ടു. അവളെ പരാജയപ്പെടുത്താനുള്ള അവസരത്തിനായി അവർ കാത്തിരുന്നു. കുറച്ചു കാലത്തിനു ശേഷം മുറചെറുക്കനുമായി കന്യകയുടെ വിവാഹം നിശ്ചയിച്ചു.

കല്യാണത്തിനു മൂന്നു നാള്‍ ശേഷിക്കെ നാടുവാഴി കന്യകയെ കാണാന്‍ വന്നു. അദ്ദേഹം പറഞ്ഞു , ” ഒരു സഹായത്തിനു വേണ്ടിയാണ് ഞാന്‍ വന്നത് ” . കന്യക ചോദിച്ചു, “എന്ത് വേണം” .

പെരിഞ്ചല്ലൂര്‍ നമ്പൂതിരിമാര്‍ തന്റെ നാട്ടിലെ പണ്ഡിതരേ തര്‍ക്കത്തിന് വിളിച്ചിരിക്കുന്നു. ഇതില്‍  തോറ്റാല്‍ താന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. തന്നെയും തന്റെ നാടിനെയും താഴ്ത്തികെട്ടാന്‍ എന്നും ശ്രമിക്കാറുള്ള  അവരെ തോല്‍പ്പിക്കണം എന്ന് ആ കന്യക കരുതി. അവള്‍ തര്‍ക്കത്തിന് ഒരുക്കമാണ് എന്നറിയിച്ചു. അച്ഛന്‍ രയരമംഗലം തിരുമേനിയും ഒന്നും പറഞ്ഞില്ല. ഉദയമംഗലം ക്ഷേത്ര നടയില്‍ വച്ച് തര്‍ക്കം ആരംഭിച്ചു.

ആദ്യത്തെ രണ്ടു ദിവസവും വളരെ എളുപ്പത്തില്‍ കന്യക പണ്ഡിതരേ തോല്‍പ്പിച്ചു. അവര്‍ക്ക് വൈരാഗ്യം കൂടി. ഏതു വിധേനയും ഇവളെ ഇല്ലാതാക്കണം എന്നവര്‍ ചിന്തിച്ചു. മൂന്നാം ദിവസം  തര്‍ക്ക പന്തലില്‍ വച്ച് അവര്‍ മുന്‍കൂട്ടി ആലോചിച്ചു വച്ച ഒരു ചോദ്യം ചോദിച്ചു.

“ഏറ്റവും വലിയ വേദന എന്ത്? ഏറ്റവും വലിയ സുഖം എന്ത് ? ” ഒരു സംശയവും കൂടാതെ കന്യക മറുപടി പറഞ്ഞു .”

ഏറ്റവും വലിയ വേദന പ്രസവ വേദന ഏറ്റവും വലിയ   സുഖം രതിസുഖം.” ഇത് കേട്ടയുടന്‍ പണ്ഡിതര്‍ പരിഹാസ ചിരികളുമായി സഭയില്‍ പറഞ്ഞു നടന്നു.

“രതി സുഖവും പ്രസവ വേദനയും ഇവൾ  അറിഞ്ഞിട്ടുണ്ട്. ഇവൾ  കന്യക അല്ല .” അവർ ആക്രോശിച്ചു. അവര്ക്ക് എതിര് പറയാൻ ആരുമുണ്ടായില്ല .

അവർ കന്യകയെ പടിയടച്ചു പിണ്ഡം വച്ചു. തന്റെ കല്യാണവും മുടങ്ങി നാട്ടുകൂട്ടത്തിനു  മുൻപിൽ അപമാനിതയായി മാറിയ അവൾ ഒരു അഗ്നികുണ്ഡം  ഒരുക്കി അതിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. കുളിച്ചു ഈറനുടുത്ത് അവൾ കരിവെള്ളൂരപ്പനെയും  രയരമംഗലത്ത് ഭഗവതിയെയും കണ്ടു തൊഴുത്പ്രാ ർത്ഥിച്ചു. സ്വയം ഒരുക്കിയ തീയിലേക്ക് എടുത്തു ചാടിയ അവളെ അത് വഴി എണ്ണയുമായി പോകുകയായിരുന്ന ഒരു വാണിയൻ  കണ്ടു. അമ്പരപ്പോടെ അയാൾ നില്ക്കെ കന്യക  അയാളോട് എണ്ണ  തീയിലേക്ക് പകരാൻ പറഞ്ഞു. ഒരു വിഭ്രാന്തിയിലായി പോയിരുന്ന വാണിയൻ  എണ്ണ മുഴുവൻ ആ തീയിലേക്ക് പകർന്നു .

അഗ്നി പ്രവേശത്തോടെ അവൾ തന്റെ പരിശുദ്ധി തെളിയിച്ചു. താൻ ചെയ്ത അപരാധം എന്തെന്ന് അപ്പോഴാണ്‌ വാണിയനു  ബോധ്യമായത്. അയാള് പൊട്ടിക്കരഞ്ഞു. ആ അഗ്നിയിൽ നിന്നും ഒരു ദിവ്യ പ്രകാശം ഉയർന്നു  വന്നു. വാണിയനെ  അനുഗ്രഹിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ  വന്ന വാണിയൻ  തന്റെ പാത്രം നിറഞ്ഞിരിക്കുന്നത്‌ കണ്ടു. ആത്മാഹൂതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെ അനുഗ്രഹത്താൽ ഭഗവതിയായി മാറി. അവള്‍ വാണിയ സമുദായക്കാരുടെ കുലദേവതയായി.പ്രധാനമായും 18 മുച്ചിലോട്ടു കാവുകള്‍ ആണുള്ളത്. അതില്‍ ആദിമുച്ചിലോട്ടു കരിവെള്ളൂര്‍ ആണെന്ന് പറയപ്പെടുന്നു. മലബാറിലെ തെയ്യങ്ങളില്‍ സൗന്ദര്യദേവതയായി അറിയപ്പെടുന്ന മുച്ചിലോട്ടു ഭഗവതി മുച്ചിലോട്ടു വണ്ണാന്‍ സമുദായക്കാരാണ് കെട്ടിയാടുന്നത്. മറ്റു തെയ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി    വൈവിധ്യങ്ങളായ ചടങ്ങുകള്‍ ഈ തെയ്യത്തിനുണ്ട്. ലാസ്യരസ പ്രധാനമായ വളരെ പതുക്കെയുള്ള ദേവിയുടെ നൃത്തചുവടുകള്‍ കണ്ണുകള്‍ക്ക് കുളിര്‍മ്മയെകുന്നതാണ് .

അമ്പിരന്‍ തന്റെ തിരുമുമ്പില്‍ അഴകത്തായ്ത്തോന്നി..
അന്നു പലവേഷം തരണമെ-
ന്നുരചെയ്തതന്‍ പാല്‍
മുമ്പിലരുളി കാല്‍ച്ചിലമ്പ്
പൊന്‍മണിക്കോഴയും
മൂര്‍ച്ച പെരിയ ശൂലവും
വാളും മണിമുറവും
ഇമ്പം കനല്‍ക്കണ്ണും മുഖവും
വെള്ളക്കീറും നാവും
ഇച്ഛതെളിഞ്ഞ ദീപിതക്കോലും
കൈവിളക്കും.