കുണ്ടോറ ചാമുണ്ഡി | Kundora Chamundi

ദേവാസുര യുദ്ധസമയത്ത് അസുര നിഗ്രഹത്തിനായി പലവേഷങ്ങൾ സ്വീകരിച്ച കാളി ദാരികനെ വധിക്കാനായെടുത്ത രൂപമാണ് കുണ്ടോറ ചാമുണ്ഡിയായി മാറിയത്. അസുര നിഗ്രഹം ചെയ്ത കാളി ദേഹശുദ്ധി വരുത്താനായി കാവേരി തീർഥ കരയിലേക്ക് ചെന്നപ്പോൾ അവിടെ കുണ്ടോറ തന്ത്രിയും എട്ടില്ലം തന്ത്രിയും സ്നാനം ചെയ്യുന്നത് കണ്ടു.ഇത് കണ്ട് കൗതുകമേറിയ ദേവി തന്ത്രിമാരുടെ നിത്യ കർമത്തിൽ പിഴവു വരുത്തി.തന്റെ കർമത്തിൽ ഭംഗം വരുത്തിയത് മനസിലാക്കിയ കുണ്ടോറ തന്ത്രി ദേവിയെ ഒരു ചെമ്പുകിടാരത്തിൽ ആവാഹിച്ച് കൈയിൽ വച്ച് യാത്ര തുടർന്നു.നടന്ന് ക്ഷീണിച്ച തന്ത്രിമാർ ഒരു വൃക്ഷച്ചുവട്ടിൽ വിശ്രമിച്ചു. മയങ്ങിപ്പോയ തന്ത്രിമാരറിയാതെ ദേവി മോചിതയായി. കോപം മൂത്ത ദേവി അന്നൊരു രാത്രിയിൽ കുമ്പഴ കോവിലകത്തെ ഒരു ആലയിൽ നിന്ന് നൂറ്റിയൊന്ന് പശുക്കളെ കൊന്നു തിന്നു .അത്ഭുതം തോന്നിയ കുമ്പഴ വാഴുന്നോർ തന്റെ കന്നുകാലികളെ തിരികെ നൽകാൻ കഴിവുള്ള ഏതെങ്കിലും ശക്തിയാണെങ്കിൽ കുണ്ടോറ അപ്പന്റെ വലത് ഭാഗത്ത് പീഠവും സ്ഥാനവും, കുരുതിയും തരാം എന്ന് പ്രാർഥിച്ചു. പിറ്റേന്ന് രാവിലെ കന്നുകാലികളെ പഴയ പോലെ തന്നെ കണ്ടു. കുമ്പഴ വാഴുന്നോർ പ്രാർഥിച്ച പ്രകാരം തന്നെ ദേവിക്ക് സ്ഥാനം നൽകി ആരാധിച്ചു. സാക്ഷാൽ പരമേശ്വൻ കുണ്ടോറപ്പന്റെ വലത് ഭാഗത്ത് സ്ഥാനം നൽകിയതിനാൽ കുണ്ടോറ ചാമുണ്ഡിയെന്ന് വിശേഷിക്കപ്പെട്ടു. വാഴുന്നവരുടെ ആരാധനയിൽ സംപ്രീതയായ ദേവി തെക്കോട്ടേക്ക് യാത്ര തിരിച്ചു. കീഴൂര് എത്തിയപ്പോൾ കീഴൂര് ശാസ്താവ് വഴി കടക്കാൻ അനുവദിച്ചില്ല. ദേവി ഒരു വ്യാഴവട്ടക്കാലം കാത്തിരുന്നു. ശാസ്താവ് വഴങ്ങിയില്ല. കോപിഷ്ഠയായ ദേവി കീഴൂര് ദേശത്ത് അനർഥങ്ങൾ വാരി വിതറി. ദേവിയുടെ ശക്തി തിരിച്ചറിഞ്ഞ ശാസ്താവ് ദേവിയെ വഴി കടക്കാനനുവദിച്ചു. ദേവി തുളുനാട് കടന്ന് മലനാട്ടിലേക്കെത്തി. കോലത്തിരി മന്നൻ ദേവിക്ക് കോലവും കലശവും നൽകി. ദേവി സംപ്രീതയായി കോലത്ത് നാട്ടിൽ കുടിയിരിക്കുകയും ചെയ്തു. വേലർ സമുദായക്കാർക്കാണ് കുണ്ടോറ ചാമുണ്ഡിയുടെ കോലം ധരിക്കാനുള്ള അവകാശം. കുണ്ടാടി ചാമുണ്ഡി, കുണ്ടൂർ ചാമുണ്ഡി എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നുണ്ട്. ചാമുണ്ഡിമാരുടെ പതിവു രൂപഭാവങ്ങളുള്ള ഈ തെയ്യം അരങ്ങിലെത്തിയാൽ രൗദ്രത കാണിക്കാനായി മുഖംമൂടി വെക്കാറുണ്ട്. കുണ്ടോറ ചാമുണ്ടിയെ കെട്ടിയാടുന്ന സ്ഥലങ്ങളിൽ അരങ്ങേറുന്ന മോന്തിക്കോലം ദേവി കുണ്ടോറപ്പൻ്റെ സന്നിധിയിൽ ദാസിയായിരുന്നതിനെ അനുസ്മരിക്കുന്നതാണത്രേ.

കുണ്ടോറ ചാമുണ്ഡി
പയറ്റ്യാൽ കാവ്, പന്നിയൂർ

പകർത്തിയത് : Vijl Kuttiyattur