ഗുളികൻ തെയ്യം | Gulikan

പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരല്‍ പൊട്ടിപിളര്‍ന്നുണ്ടായ അനര്‍ത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികന്‍. തന്റെ ഭക്തനായ മാര്‍ക്കണ്ടേയന്റെ രക്ഷാര്‍ത്ഥം മഹാദേവന്‍ കാലനെ തന്റെ മൂന്നാം തൃക്കണ്ണ്‍തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവര്‍ മഹാദേവനോടും പരാതി പറഞ്ഞു. അതിനൊരു പരിഹാരമെന്നോണം പെരുവിരല്‍ ഭൂമിയിലമര്‍ത്തിയ മഹാദേവന്റെ ഇടതു തൃക്കാല്‍ പൊട്ടി അതില്‍ നിന്നും ഗുളികന്‍ അവതരിച്ചു. ത്രുശൂലവും കാലപാശവും നല്‍കി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാന്‍ മഹാദേവന്‍ ഭൂമിയിലേക്കയച്ചു .

മലയസമുദായക്കാരുടെ പ്രാധാന ആരാധനാമൂര്‍ത്തി ഗുളികനാണ്. അവരുടെ പൂജയില്‍ മാത്രമാണ് ഗുളികന്‍ പ്രസാദിക്കുന്ന എന്നാണു കേട്ടിട്ടുള്ളത്. ജനനം മുതല്‍ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കര്‍മ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയപ്പെടുന്നു. വെടിയിലും പുകയിലും കരിയിലുമടക്കം നാനാകര്‍മ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നു തെയ്യത്തിന്റെ വാമൊഴി .