തെയ്യങ്ങൾക്ക് വേഷമണിയുവാൻ അണിയറയുണ്ടാകും. സ്ഥിരമായി പുര പണിതിട്ടില്ലാത്ത സ്ഥാനങ്ങളിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ മറകെട്ടി അണിയറയുണ്ടാക്കും. മുഖത്തെഴുത്തും അണിഞ്ഞൊരുങ്ങലുമൊക്കെ പ്രായേണ അണിയറയിൽ നിന്നുതന്നെയാണ് പതിവ്. ചെറിയ മുടിവയ്ക്കുന്ന തെയ്യങ്ങളെല്ലാം അണിയറയിൽനിന്നു കെട്ടിപ്പുറപ്പെട്ടുവരും. എന്നാൽ, വലിയ മുടി വയ്ക്കേണ്ട തെയ്യങ്ങൾ പള്ളിയറയ്ക്കു മുമ്പിൽ വന്ന ശേഷമാണ് മുടി വയ്ക്കുക.

പള്ളിയറയ്ക്കു മുമ്പിൽ വന്ന് അരിയും തിരിയും വച്ച നാക്കില വാങ്ങിയശേഷം, വടക്കോട്ടു തിരിഞ്ഞ് നാക്കിലവച്ച്, 'വരവിളിത്തോറ്റം' പാടുവാൻ തുടങ്ങും. വച്ചുകെട്ടുവാൻ ശേഷിച്ച അണിയലങ്ങൾ അപ്പോൾ അലങ്കരിക്കും. മുടി അണിയിക്കുന്നതും ആ സന്ദർഭത്തിലത്രെ. ഒടുവിൽ മുകുരദർശനമാണ്. ദേവതാരൂപം കോലക്കാരൻ കണ്ണാടിയിൽ നോക്കിക്കാണുന്നു. താൻ ദേവതയായി മാറിയെന്ന ഭാവം കോലക്കാരനിൽ ജനിപ്പിക്കുവാൻ പ്രസ്തുത ചടങ്ങിനു കഴിയും.

സ്ഥാനത്തു നിന്ന് കർമി അരിയെറിയുന്നതും ആ സന്ദർഭത്തിലായിരിക്കും. അതോടെ കോലക്കാരൻ തെയ്യമായി ഉറഞ്ഞുതുള്ളുവാൻ തുടങ്ങും. കുരുതിതർപ്പണം ആ സന്ദർഭത്തിൽ നടത്താറുണ്ട്. തെയ്യം കെട്ടി പുറപ്പെട്ടാൽ നർത്തനവും കലാശാദികളും നടക്കും. അതുകഴിഞ്ഞാൽ ചില തെയ്യങ്ങൾ ശകുനം നോക്കാറുണ്ട്. വെറ്റില, അടയ്ക്ക, നാളികേരം എന്നിവയെറിഞ്ഞ് അതിന്റെ ഗതിനോക്കുകയാണ് ആ ചടങ്ങ്. ചില തെയ്യങ്ങൾ പൊയ്മുഖം വെച്ചാടും. ചില തെയ്യങ്ങൾക്ക് 'കലശം' ഉണ്ട്. കലാശത്തോടൊപ്പമോ അതിനുശേഷമോ ആണ് 'കലശമെഴുന്നള്ളിപ്പ്'. മദ്യം നിറച്ച മൺകുംഭങ്ങളാണ് 'കലശം'. അനേകം കുംഭങ്ങൾ മേൽക്കുമേലെവച്ച് കുരുത്തോലകൊണ്ട് അലങ്കരിച്ചിരിക്കും. അത് ഒരുക്കി വയ്ക്കുവാൻ കലശത്തറയുണ്ടാകും.

കലശം തയ്യാറാക്കുകയും അത് തലയിൽ എഴുന്നള്ളിക്കുകയും ചെയ്യേണ്ടത് തീയസമുദായത്തിൽപ്പെട്ട വ്യക്തിയാണ്. 'കലശക്കാരൻ' എന്നാണ് അയാളെ വിളിക്കുക. അത് ആചാരപ്പേരാണ്. തെയ്യത്തിനഭിമുഖമായി നിന്നുകൊണ്ട്, തെയ്യത്തിന്റെ നർത്തനത്തിനനുഗുണമായി കലശക്കാരൻ പിറകോട്ടു നീങ്ങുകയാണ് കലശമെഴുന്നള്ളിപ്പിന്റെ സ്വഭാവം.

തെയ്യങ്ങൾക്ക് 'മുമ്പുസ്ഥാനം പറയുക' എന്നൊരു പതിവുണ്ട്. ദേവതകളുടെ ഉദ്ഭവചരിതങ്ങളും സഞ്ചാരകഥകളും സൂചിപ്പിക്കുന്ന സ്വഗതാഖ്യാന രീതിയിലുള്ള താളനിബദ്ധമായ ഗദ്യമാണ് മുമ്പുസ്ഥാനം. ചില തെയ്യങ്ങൾക്ക് 'കുലസ്ഥാനം', 'കീഴാചാരം' എന്നിവ പതിവുണ്ട്. മുമ്പുസ്ഥാനത്തിന്റെ മട്ടിലുള്ളവതന്നെയാണിവയും. കീഴാചാരത്തിന് ചിലേടങ്ങളിൽ 'സ്വരൂപവിചാരം' എന്നും പറയും. കേരളത്തിലെ പഴയ 'സ്വരൂപ'ങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ് 'സ്വരൂപ വിചാരം'. വൈരജാതൻ, ക്ഷേത്രപാലൻ തുടങ്ങിയവയ്ക്ക് 'സ്വരൂപവിചാരം' പ്രധാനമാണ്.

 

കടപ്പാട് : വിക്കിപീഡിയ