അരയിലുടുക്കുന്ന വസ്ത്രങ്ങളും അലങ്കാരങ്ങളും വ്യത്യസ്തമായിരിക്കും. പൂക്കട്ടിമുടി വയ്ക്കുന്ന തെയ്യങ്ങൾക്കെല്ലാം 'ചിറകുടുപ്പ്' എന്ന അരച്ചമയമാണ് വേണ്ടത്. 'വെളുമ്പൻ' എന്ന വസ്ത്രാലങ്കാരമുള്ള തെയ്യങ്ങളിൽ ചിലതാണ് രക്തചാമുണ്ഡി, രക്തേശ്വരി, പുലിയുരുകാളി, കരിങ്കാളി, പുതിയഭഗവതി എന്നിവ. വള്ളക്കരിവേടനും പുലയരുടെ ഭൈരവനും 'കാണിമുണ്ട്' ഉടുക്കുന്നു. 'വിതാനത്തറ' എന്ന അരച്ചമയം നാഗകന്നി, ക്ഷേത്രപാലൻ, മുച്ചിലോട്ടു ഭഗവതി, കണ്ണങ്ങാട്ടു ഭഗവതി, പടക്കെത്തി ഭഗവതി, തായിപ്പരദേവത എന്നീ തെയ്യങ്ങൾക്കു കണ്ടുവരുന്നു. കമ്പുകളും പലനിറത്തിലുള്ള പട്ടുകളും തുന്നിയുണ്ടാക്കുന്നതാണത്. കുരുത്തോലകൊണ്ടുള്ള ഉടുപ്പും ഉടയും ഉള്ള തെയ്യങ്ങളുമുണ്ട്. പൊട്ടൻ തെയ്യം, ഗുളികൻ എന്നിവർക്ക് ഒലിയുടുപ്പാണ്. ചില ചാമുണ്ഡിമാർക്കും ഒലിയുടുപ്പ് കാണും. വിഷ്ണൂമൂർത്തിക്ക് വലിയ ഉട കുരുത്തോലകൊണ്ടുണ്ടാക്കും. ചില പുരുഷദേവതകൾക്ക് 'ചെണ്ടരയിൽക്കെട്ട്', 'അടുക്കും കണ്ണിവളയൻ' എന്നീ പേരുകളിലുള്ള ചെറിയ 'വട്ടൊട'കൾ കാണാം. ചില തെയ്യങ്ങൾക്ക് ഒട്ടിയാണം, കൊയ്തം, മത്താമ്മലാടി, പടിയരത്താണം തുടങ്ങിയവയും അരച്ചമയങ്ങളായി ഉപയോഗിച്ചുവരാറുണ്ട്.