ഭക്തജനങ്ങൾക്ക് കുറികൊടുത്ത് അനുഗ്രഹം ചൊരിയുകയെന്നത് തെയ്യാട്ടത്തിലെ ശ്രദ്ധേയമായ മൂഹൂർത്തമാണ്. പ്രസാദമായി നല്കുന്നതാണ് 'കുറി'. ഭഗവതിമാർ മഞ്ഞക്കുറിയാണ് കൊടുക്കുക. അരിയും മഞ്ഞളും പൊടിച്ചാണ് അതുണ്ടാക്കുന്നത്. ഔഷധവീര്യമുള്ള ഈ പ്രസാദം രോഗപീഡ അനുഭവിക്കുന്നവർക്ക് ഗുണം വരുത്താതിരിക്കില്ല. മുത്തപ്പൻ, വെളുത്തഭൂതം, ഊർപ്പഴച്ചി, വേട്ടയ്ക്കൊരുമകൻ തുടങ്ങിയവർ പ്രസാദമായി ഉണക്കലരിയാണ് നല്കുക. ഭൈരവാദികളായ (ശിവാംശഭൂതങ്ങളായ) ദേവതമാർ ഭസ്മം 'കുറി'യായി കൊടുക്കും. കുറികൊടുക്കുമ്പോൾ ഭക്തജനങ്ങൾ തെയ്യങ്ങൾക്ക് പണം കൊടുക്കും. 'കുറി തൊടാൻ കൊടുക്കുക' എന്നാണ് ഇതിനു പറയുക. 'ഗുണംവരട്ടെ' എന്ന് തെയ്യം അനുഗ്രഹം ചൊരിയും. ചിലപ്പോൾ കൂടുതൽ കാര്യങ്ങൾ മൊഴിഞ്ഞുവെന്നും വരാം. ഭക്തന്മാർ അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും ആവശ്യങ്ങളും തെയ്യത്തോടുണർത്തിക്കും. അവയ്ക്കുള്ള പരിഹാരമാർഗങ്ങൾ തെയ്യം അരുളിച്ചെയ്യും. തെയ്യങ്ങളുടെ മൊഴികളെ 'ഉരിയാട്ടു കേൾപ്പിക്കൽ' എന്നും പറയാറുണ്ട്.

 

കടപ്പാട് : വിക്കിപീഡിയ